08:36pm 14 August 2026
NEWS
മെഡിക്കല്‍ ടൂറിസം രംഗത്തിന് കേരളത്തിനുള്ളത് വലിയ സാധ്യതകള്‍ മന്ത്രി പി സി വിഷ്ണുനാഥ്
14/08/2026  06:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെഡിക്കല്‍ ടൂറിസം രംഗത്തിന് കേരളത്തിനുള്ളത് വലിയ സാധ്യതകള്‍ മന്ത്രി പി സി വിഷ്ണുനാഥ്
HIGHLIGHTS

അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഫെസിലിറ്റേറ്റേഴ്സിന്റെ നേതൃത്വത്തില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ടൂറിസം സംഗമം ടൂറിസം- സാംസ്‌ക്കാരികം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഫെസിലിറ്റേറ്റേഴ്സ് വൈസ് പ്രസിഡന്റ് ശിവപ്രസാദ് പി വി, സെക്രട്ടറി തോമസ് ബാബു, പ്രസിഡന്റ് സുജിത് നടേശന്‍, തൃപ്പൂണിത്തുറ എം എല്‍ എ ദീപക് ജോയ്, ഡോ. അബൂബക്കര്‍, ഇന്‍ഡോ അറബ് കണക്ട് ചീഫ് കോര്‍ഡിനേറ്റര്‍ രവിശങ്കര്‍ കെ വി എന്നിവര്‍ സമീപം

കൊച്ചി: മെഡിക്കല്‍ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളാണ് മുമ്പിലുള്ളതെന്ന് ടൂറിസം- സാംസ്‌ക്കാരിക വകുപ്പ്  മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഇന്‍ഡോ- അറബ് കണക്ട് 2026 ന് മുന്നോടിയായി അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഫെസിലിറ്റേറ്റേഴ്സിന്റെ നേതൃത്വത്തില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ടൂറിസം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചികിത്സാ- ആരോഗ്യ സൗഖ്യ രംഗങ്ങളില്‍ കേരളത്തില്‍ വളരെ വേഗത്തിലാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. മലയാളി ഡോക്ടര്‍മാരേയും പാരാ മെഡിക്കല്‍ ജീവനക്കാരേയും കുറിച്ച് ലോകത്ത് മികച്ച അഭിപ്രായമാണ് നിലവിലുള്ളത്. ചികിസാ സൗകര്യങ്ങള്‍, കാലാവസ്ഥ, പ്രകൃതി തുടങ്ങി എല്ലാ കാര്യങ്ങളിലും കേരളം മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി കേരള ടൂറിസത്തിന് ഇന്‍ഡസ്ട്രി സ്റ്റാറ്റസ് നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഒക്ടോബര്‍ 10 ന് മുമ്പ് ഇന്‍ഡസ്ട്രി സ്റ്റാറ്റസ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ ടൂറിസം സേവന ദാതാക്കള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്റ് ടൂറിസം സ്റ്റഡീസിന്റെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.

തൃപ്പൂണിത്തുറ എം എല്‍ എ ദീപക് ജോയ് പങ്കെടുത്തു. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഫെസിലിറ്റേറ്റേഴ്സ് പ്രസിഡന്റ് സുജിത് നടേശന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഫെസിലിറ്റേറ്റേഴ്സ് സെക്രട്ടറി തോമസ് ബാബു, അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കക്കാട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് മാനേജിംഗ് എഡിറ്റര്‍ രവിശങ്കര്‍ കെ വി എന്നിവര്‍ സംസാരിച്ചു. 

മെഡിക്കല്‍ ഫെസിലിറ്റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഉടമകള്‍, സി ഇ ഒമാര്‍, മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികള്‍, മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്‍ഡോ അറബ് കണക്റ്റ് കോണ്‍ക്ലേവ് 2026 ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും.  മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റേഴ്‌സ്, അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേറ്റേഴ്‌സ്, ടൂറിസം ഇന്ത്യ മീഡിയം ഗ്രൂപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആശുപത്രി ഉടമകള്‍, സി ഇ ഒമാര്‍, സീനിയര്‍ മേനേജ്‌മെന്റ്  ആന്റ് മെഡിക്കല്‍ ടൂറിസം ഫസിലിറ്റേറ്റേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിവിധ സെഷനുകള്‍ നടക്കും. ലോകത്തിലെ തന്നെ ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ വാല്യൂ ട്രാവല്‍ ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുന്നതിനും ഇപ്പോള്‍ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആഴത്തില്‍ ചര്‍ച്ചകള്‍ നടക്കും.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img